Tuesday, August 16, 2011

കളിത്തോഴന്‍


വീട്ടിന്റെ തെക്കേപ്പുറ-
ത്തമ്പല നടയ്ക്കലാ
നാട്ടിലെ കുഞ്ഞുങ്ങളെ-
പ്പൂമാല ചാര്‍ത്താന്‍ മാത്രം
നോറ്റു നിഷ്കാമം നിത്യം
പൂക്കളാല്‍ നിലം മൂടും
കൂറ്റനാമിലഞ്ഞിയൊ-
ന്നുണ്ടെനിയ്ക്കാരാദ്ധ്യനായ്‌..

ഓജസ്വിയാണിന്നുമാ-
പൂമരം അതിന്‍ചോട്ടി-
ലോടിക്കളിച്ചിട്ടുണ്ടെ-
ന്നച്ഛനും മുത്തച്ഛനും..

എരിയും മീനം വന്നാല്‍
പൂവിടും, ദേശം ചുറ്റി-
ത്തിരിയും സമീരണന്‍
സൗരഭം പരത്തീടും

നിഷ്ക്കളങ്കമാം കുഞ്ഞി-
ക്കണ്ണിനാല്‍ നമ്മെപ്പാര്‍ത്തു-
നിര്‍നിമേഷമാപ്പൂക്കള്‍
പാഴ്മണ്ണില്‍ക്കിടക്കുമ്പോള്‍,
പ്രേമാര്‍ദ്രയാം മാതാ-
വുണ്ണിയെക്കണക്കൊന്നാ
തൂമുഖം ചുംബിച്ചാര്‍ക്കും
മാറോടു ചേര്‍ത്താന്‍ തോന്നും

ഉണര്‍ന്നാലോടിച്ചെല്ലു-
മുണ്ണികള്‍,ക്കിലഞ്ഞിപ്പൂ
കണിയാ;ണെല്ലാവരും
കുമ്പിടും മരച്ചോട്ടില്‍

കണ്ണനാണുണ്ണിക്കിടാ-
വോരോന്നു,മവര്‍ക്കു തന്‍
സൗഹൃദത്തോളം നീണ്ട
മാല്യങ്ങള്‍ ചാര്‍ത്തും വൃദ്ധന്‍..

ഉച്ചയ്ക്കു തൈച്ചില്ലകള്‍
തീര്‍ത്ത പന്തലില്‍ ഞങ്ങള്‍
കൊച്ചുങ്ങളാഘോഷിയ്ക്കും
വേലയും കല്യാണവും

അല്‍പാല്‍പ,മുന്തും തള്ളും
കൂട്ടത്തില്‍ തമ്മില്‍ത്തല്ലു-
മപ്പപ്പോഴുണ്ടായേക്കാം
മുതിര്‍ന്നോര്‍ കണ്ടില്ലെങ്കില്‍..

കരഞ്ഞാലതും തീര്‍ന്നു
തെളിയും വാനം വീണ്ടും
കഴിഞ്ഞുപോയക്കാലം
കഷ്ടമേ, വളര്‍ന്നു ഞാന്‍..

ആരുമിന്നോളം ഒരു
കുടന്ന വെള്ളം പോലും
പാരുകയുണ്ടായീലാ
പാദപ പാദാന്തത്തില്‍
നിത്യവും പ്രസന്നനാ-
ണെന്നാലും പൈതങ്ങള്‍ തന്‍
വൃദ്ധനാം കളിത്തോഴന്‍
നിശ്ചലന്‍, മഹോന്നതന്‍.
***********************

എഴുതിയത്‌ : ശ്രീ. ബാലചന്ദ്രന്‍ മുല്ലശ്ശേരി. (30.04.1960)
സൈകതം ബുക്സ്‌ പ്രസിദ്ധപ്പെടുത്തിയ "തപാല്‍ക്കാരന്‍" എന്ന കവിതാസമാഹാരത്തില്‍ നിന്നും