Wednesday, March 20, 2013

ഗ്രൂപ്പ്‌

ഗ്രൂപ്പ്‌ നിര്‍ണ്ണയം ചെയ്യാ-
നിനിയും വൈകിയ്ക്കല്ലേ
മൂപ്പന്മാരുടെ പിന്നില്‍
വരിയായ്‌ നിരന്നാട്ടെ

ആംഗ്ലേയാക്ഷരമാല
തീരാറായ്‌, മലയാള-
മാകിലോ മോശം; വാശി
ജയിയ്ക്കാനിനി വേറെ-
പ്പേരിട്ടു തുടങ്ങിയാല്‍
വളരാന്‍ പണി, ഗതി
വേറില്ല, നശിച്ചാലും
തറവാട്ടിന്‍ പേരില്ലേ!

'യം'ഗ്രൂപ്പില്‍ മനുഷ്യനായ്‌-
പിറന്നൂ ആണും പെണ്ണും
'ആ' ഗ്രൂപ്പും 'പെ' ഗ്രൂപ്പുമായ്‌-
പ്പിരിഞ്ഞു വളര്‍ന്നപ്പോള്‍
അതിലും 'രാഷ്ട്രീയക്കാര്‍'

'ബാക്കിയുള്ളവ'രെന്നു
പിളര്‍ന്നൂ 'ആറും' 'ബി'യും
ഗ്രൂപ്പുകള്‍ ജനിയ്ക്കുന്നൂ
'ആറു'കൊണ്ടാറാറുള്‍-
പ്പിരിവായ്‌, ഇരുപത്തി-
യാറാമന്‍ 'സെഡ്ഡും' തീര്‍ന്നാല്‍
വലയും നേതാക്കന്മാര്‍..

നാലഞ്ചുപേരുണ്ടെന്നാല്‍
ഗ്രൂപ്പായി, തിരിഞ്ഞുനോ-
ക്കാതെക്കൂക്കുവിന്‍, 'ലക്ഷം
ലക്ഷങ്ങളെന്‍ പിന്നാലെ'..

വാഴുവാന്‍ 'കൊട്ടക്കനം'
വെയ്ക്കുവാനൊരാള്‍ വേണം
ഏകാംഗന്‍ വിജയിപ്പൂ
വിഡ്ഢികള്‍ കഷ്ടം വെപ്പൂ..

കുളിയ്ക്കാന്‍ കുളം, പാഞ്ഞു
കളിയ്ക്കാന്‍ കളം,പൊന്നി-
ന്നുരുളീ, പൊന്‍ചട്ടുകം
കൊട്ടാര-മെല്ലാം സ്വന്തം

ആകാശം ജന്മം വാങ്ങാം
പറക്കാന്‍, പ്രസംഗിയ്ക്കാ-
റാകണം, ഗ്രൂപ്പും വേണം
വേഗമാകട്ടെ, വേഗം!
-----------------
18.09.1992
എഴുതിയത്‌, ശ്രീ. ബാലചന്ദ്രന്‍ മുല്ലശ്ശേരി.


Sunday, February 10, 2013

ജനമേജയന്റെ സന്തതികള്‍


സര്‍പ്പസത്രം നടത്തിയ പാപിക-
ളിപ്പൊഴുതെന്റെ മുന്നിലണഞ്ഞിതാ
നില്‍പൂ കൂട്ടമായെന്റെ ഗുഹാമുഖ-
ത്തല്‍പ്പവും നേരമില്ലിനി വൈകുവാന്‍
ദുഷ്ടഹോമം നടത്തുവാന്‍ പോണു ഞാന്‍
കുട്ടിയാകിലും സര്‍പ്പകുമാരകന്‍

ഉണ്ണീ, നില്‍ക്കുകെന്‍ വാക്കുകള്‍ കേള്‍ക്കുകീ-
വണ്ണമെന്തൊരു വര്‍ഗ്ഗവധോദ്യമം?
വന്യഭൂവിലെ വന്ദ്യരാം നമ്മുടെ
പുണ്യവാന്മാരെപ്പച്ചയില്‍ ചുട്ടതും
വധ്യനാട്ടെ വഴങ്ങാതെ പോയതും
വ്യര്‍ത്ഥകോപപ്രഭാവ പരാജയം

മര്‍ത്യനന്നപരാധികള്‍ക്കല്ലപ-
മൃത്യു നല്‍കിയതെന്നതേ വാസ്തവം
നീ തിരിഞ്ഞതും നിന്ദ്യമാമാവഴി
നീതിയെന്തതില്‍ - പോട്ടെ പഴങ്കഥ!

ഹേതുവന്യേ പരപീഡനത്തിനു
നീ തിരിഞ്ഞിടും നേരമോര്‍മ്മിയ്ക്കുക
സര്‍വ്വ സംഹാര ഭീഷണി ഭൂഷണം
ഗര്‍വ്വ,ഘാതക വൃത്തികള്‍ പൗരുഷം
കഷ്ടമേ നരജീവിയ്ക്കു; നിന്മനം
ദുഷ്ടമാകരുതത്രയുമോമനേ!

മന്ദമന്ദം മടങ്ങിനാര്‍ മാളത്തില്‍-
ചെന്നതില്ല,തിന്‍ മുന്‍പതാ വീഴുന്നു
ഹന്ത! മാരകതാഡനം! കുറ്റമോ
ശാന്തിമന്ത്രം ജപിച്ചതും കേട്ടതും!
....................................
26.01.1999
എഴുതിയത്‌ ശ്രീ. ബാലചന്ദ്രന്‍ മുല്ലശ്ശേരി