Tuesday, August 16, 2011

കളിത്തോഴന്‍


വീട്ടിന്റെ തെക്കേപ്പുറ-
ത്തമ്പല നടയ്ക്കലാ
നാട്ടിലെ കുഞ്ഞുങ്ങളെ-
പ്പൂമാല ചാര്‍ത്താന്‍ മാത്രം
നോറ്റു നിഷ്കാമം നിത്യം
പൂക്കളാല്‍ നിലം മൂടും
കൂറ്റനാമിലഞ്ഞിയൊ-
ന്നുണ്ടെനിയ്ക്കാരാദ്ധ്യനായ്‌..

ഓജസ്വിയാണിന്നുമാ-
പൂമരം അതിന്‍ചോട്ടി-
ലോടിക്കളിച്ചിട്ടുണ്ടെ-
ന്നച്ഛനും മുത്തച്ഛനും..

എരിയും മീനം വന്നാല്‍
പൂവിടും, ദേശം ചുറ്റി-
ത്തിരിയും സമീരണന്‍
സൗരഭം പരത്തീടും

നിഷ്ക്കളങ്കമാം കുഞ്ഞി-
ക്കണ്ണിനാല്‍ നമ്മെപ്പാര്‍ത്തു-
നിര്‍നിമേഷമാപ്പൂക്കള്‍
പാഴ്മണ്ണില്‍ക്കിടക്കുമ്പോള്‍,
പ്രേമാര്‍ദ്രയാം മാതാ-
വുണ്ണിയെക്കണക്കൊന്നാ
തൂമുഖം ചുംബിച്ചാര്‍ക്കും
മാറോടു ചേര്‍ത്താന്‍ തോന്നും

ഉണര്‍ന്നാലോടിച്ചെല്ലു-
മുണ്ണികള്‍,ക്കിലഞ്ഞിപ്പൂ
കണിയാ;ണെല്ലാവരും
കുമ്പിടും മരച്ചോട്ടില്‍

കണ്ണനാണുണ്ണിക്കിടാ-
വോരോന്നു,മവര്‍ക്കു തന്‍
സൗഹൃദത്തോളം നീണ്ട
മാല്യങ്ങള്‍ ചാര്‍ത്തും വൃദ്ധന്‍..

ഉച്ചയ്ക്കു തൈച്ചില്ലകള്‍
തീര്‍ത്ത പന്തലില്‍ ഞങ്ങള്‍
കൊച്ചുങ്ങളാഘോഷിയ്ക്കും
വേലയും കല്യാണവും

അല്‍പാല്‍പ,മുന്തും തള്ളും
കൂട്ടത്തില്‍ തമ്മില്‍ത്തല്ലു-
മപ്പപ്പോഴുണ്ടായേക്കാം
മുതിര്‍ന്നോര്‍ കണ്ടില്ലെങ്കില്‍..

കരഞ്ഞാലതും തീര്‍ന്നു
തെളിയും വാനം വീണ്ടും
കഴിഞ്ഞുപോയക്കാലം
കഷ്ടമേ, വളര്‍ന്നു ഞാന്‍..

ആരുമിന്നോളം ഒരു
കുടന്ന വെള്ളം പോലും
പാരുകയുണ്ടായീലാ
പാദപ പാദാന്തത്തില്‍
നിത്യവും പ്രസന്നനാ-
ണെന്നാലും പൈതങ്ങള്‍ തന്‍
വൃദ്ധനാം കളിത്തോഴന്‍
നിശ്ചലന്‍, മഹോന്നതന്‍.
***********************

എഴുതിയത്‌ : ശ്രീ. ബാലചന്ദ്രന്‍ മുല്ലശ്ശേരി. (30.04.1960)
സൈകതം ബുക്സ്‌ പ്രസിദ്ധപ്പെടുത്തിയ "തപാല്‍ക്കാരന്‍" എന്ന കവിതാസമാഹാരത്തില്‍ നിന്നും

17 comments:

  1. അച്ഛനു വേണ്ടി ഒരു ബ്ലോഗ്... !! നന്നായി ഇങ്ങനെ ഒരു നീക്കം.

    നന്നായി ആസ്വദിച്ചു വായിച്ചു ഈ കവിത. നല്ലോണം മനസ്സിലാവുകയും ചെയ്തു. (മകളുടെ കവിതകളിലെ ദുരൂഹമായ ബിംബങ്ങൾ ഇല്ല എന്നതും പ്രത്യേകതയായി തോന്നി ;-)

    ReplyDelete
  2. മനോഹരമായ ഒരു കവിത..

    ReplyDelete
  3. കഴിഞ്ഞുപോയ നിഷ്കളങ്കബാല്യം - അതൊരു വേദന തന്നെയാണെന്നും. അച്ഛന്റെ കവിത വളരെ ആസ്വാദ്യം ചാന്ദ്നീ.
    ഇനിയും എത്രയോ കുഞ്ഞുങ്ങൾക്ക് കളിത്തോഴനായി ആ ഇലഞ്ഞി മരുവട്ടേ.

    ReplyDelete
  4. നന്നായി ഇത്തരമൊരു ശ്രമം..,കവിതയെക്കുറിച്ച്
    അഭിപ്രായം പറയാന്‍ ഞാനാളല്ല എങ്കിലും വാക്കുകള്‍
    സംഗീതമായി നന്മ നിറഞ്ഞ മനസ്സുകളില്‍ പതിക്കട്ടെ...
    ആശംസകള്‍ --നിധി.

    ReplyDelete
  5. ഹാ എത്രയോ ശരി. ആ ഇലഞ്ഞിയെപ്പോലെ എത്രയോ മുത്തശ്ശന്മാര്‍ കാലം മറഞ്ഞുപോയി.
    എത്റ ലളിതവും സുന്ദരവുമായി കവിത പറഞ്ഞിരിക്കുന്നു. നമസ്ക്കാരം. ആദരവോടെ.

    ReplyDelete
  6. അച്ഛനില്‍ നിന്നും പഠിക്കൂ ചാന്ദ്നി. :) ഇനിയെങ്കിലും. (തമാശയാണ് ട്ടോ. ചൂടാകല്ലേ.)

    ReplyDelete
  7. ആ അച്ഛൻ നിറയെ സൗരഭം പരത്തുന്ന ഇലഞ്ഞിമരം തന്നെയാണിപ്പഴും.ആ തണലിലിരിക്കാൻ അല്പ സമയമെങ്കിലും ഭാഗ്യം ലഭിച്ച വ്യക്തിയാണ്‌ ഞാൻ.സ്നേഹം നിറച്ച ഒരമ്മയും കൂട്ടിനുണ്ട്.

    ReplyDelete
  8. നന്നായിട്ടുണ്ട്‌.

    ആശംസകൾ

    ReplyDelete
  9. ഉച്ചവെയില്‍ചൂടില്‍നിന്ന് ഒരുമരത്തണലില്‍ അല്പനേരം വിശ്രമിച്ച പ്രതീതി.കാല്പനീകബിംബങ്ങളുടെ അധികപ്രസംഗമേശാത്ത കാലത്തെ നല്ല കവിത.
    ഭാവുകങ്ങള്‍.

    ReplyDelete
  10. ആ അച്ഛന്റെ രചനകള്‍ വളരെയധികം ഇഷ്ടമായിരുന്നു. പണ്ട് കാലത്ത് പാലയുടെയും മറ്റും കവിതകളിലൂടെ കടന്നുപോയ പ്രതീതിയുണ്ടായിരുന്നു തപാല്‍ക്കാരന്റെ വായനക്കിടയില്‍. സന്തോഷം. ഇനിയും അദ്ദേഹത്തിന്റെ കൂടുതല്‍ രചനകള്‍ ഇവിടെ വായിക്കാമെന്ന് കരുതുന്നു.

    ReplyDelete
  11. തല പുണ്ണാക്കാതെ ഹൃദയം കൊണ്ടു വായിക്കാനും, അറിയാനും കഴിയുന്ന കവിത. ഇഷ്ടമായി.

    അച്ഛന് ആദരങ്ങള്‍ ...

    ReplyDelete
  12. കവിയച്ഛന്‍, അച്ഛന്റെ ബ്ളോഗ്....
    മനോഹരമായ കവിത...

    അച്ഛനും ബ്ളോഗ് മാനേജരായ മകൾക്കും കവിതയ്ക്കും ആശംസകൾ....

    ReplyDelete
  13. വളരെ നല്ല കവിത
    വളരെയിഷ്ടമായി
    ആശംസകൾ

    ReplyDelete
  14. നന്നായിരിക്കുന്നു ..
    എല്ലാ നന്മകളും ..

    ReplyDelete
  15. നിഷ്ക്കളങ്കമാം കുഞ്ഞി-
    ക്കണ്ണിനാല്‍ നമ്മെപ്പാര്‍ത്തു-
    നിര്‍നിമേഷമാപ്പൂക്കള്‍
    പാഴ്മണ്ണില്‍ക്കിടക്കുമ്പോള്‍,
    പ്രേമാര്‍ദ്രയാം മാതാ-
    വുണ്ണിയെക്കണക്കൊന്നാ
    തൂമുഖം ചുംബിച്ചാര്‍ക്കും
    മാറോടു ചേര്‍ത്താന്‍ തോന്നും

    ലളിതം...
    സുന്ദരം....
    ഭാവുകങ്ങൾ

    ReplyDelete
  16. ആരുമിന്നോളം ഒരു
    കുടന്ന വെള്ളം പോലും
    പാരുകയുണ്ടായീലാ
    പാദപ പാദാന്തത്തില്‍
    നിത്യവും പ്രസന്നനാ-
    ണെന്നാലും പൈതങ്ങള്‍ തന്‍
    വൃദ്ധനാം കളിത്തോഴന്‍
    നിശ്ചലന്‍, മഹോന്നതന്‍!
    ---
    അച്ഛന്‍ തന്നെയല്ലേ ആ ഇലഞ്ഞി?

    ReplyDelete