Wednesday, March 20, 2013

ഗ്രൂപ്പ്‌

ഗ്രൂപ്പ്‌ നിര്‍ണ്ണയം ചെയ്യാ-
നിനിയും വൈകിയ്ക്കല്ലേ
മൂപ്പന്മാരുടെ പിന്നില്‍
വരിയായ്‌ നിരന്നാട്ടെ

ആംഗ്ലേയാക്ഷരമാല
തീരാറായ്‌, മലയാള-
മാകിലോ മോശം; വാശി
ജയിയ്ക്കാനിനി വേറെ-
പ്പേരിട്ടു തുടങ്ങിയാല്‍
വളരാന്‍ പണി, ഗതി
വേറില്ല, നശിച്ചാലും
തറവാട്ടിന്‍ പേരില്ലേ!

'യം'ഗ്രൂപ്പില്‍ മനുഷ്യനായ്‌-
പിറന്നൂ ആണും പെണ്ണും
'ആ' ഗ്രൂപ്പും 'പെ' ഗ്രൂപ്പുമായ്‌-
പ്പിരിഞ്ഞു വളര്‍ന്നപ്പോള്‍
അതിലും 'രാഷ്ട്രീയക്കാര്‍'

'ബാക്കിയുള്ളവ'രെന്നു
പിളര്‍ന്നൂ 'ആറും' 'ബി'യും
ഗ്രൂപ്പുകള്‍ ജനിയ്ക്കുന്നൂ
'ആറു'കൊണ്ടാറാറുള്‍-
പ്പിരിവായ്‌, ഇരുപത്തി-
യാറാമന്‍ 'സെഡ്ഡും' തീര്‍ന്നാല്‍
വലയും നേതാക്കന്മാര്‍..

നാലഞ്ചുപേരുണ്ടെന്നാല്‍
ഗ്രൂപ്പായി, തിരിഞ്ഞുനോ-
ക്കാതെക്കൂക്കുവിന്‍, 'ലക്ഷം
ലക്ഷങ്ങളെന്‍ പിന്നാലെ'..

വാഴുവാന്‍ 'കൊട്ടക്കനം'
വെയ്ക്കുവാനൊരാള്‍ വേണം
ഏകാംഗന്‍ വിജയിപ്പൂ
വിഡ്ഢികള്‍ കഷ്ടം വെപ്പൂ..

കുളിയ്ക്കാന്‍ കുളം, പാഞ്ഞു
കളിയ്ക്കാന്‍ കളം,പൊന്നി-
ന്നുരുളീ, പൊന്‍ചട്ടുകം
കൊട്ടാര-മെല്ലാം സ്വന്തം

ആകാശം ജന്മം വാങ്ങാം
പറക്കാന്‍, പ്രസംഗിയ്ക്കാ-
റാകണം, ഗ്രൂപ്പും വേണം
വേഗമാകട്ടെ, വേഗം!
-----------------
18.09.1992
എഴുതിയത്‌, ശ്രീ. ബാലചന്ദ്രന്‍ മുല്ലശ്ശേരി.


Sunday, February 10, 2013

ജനമേജയന്റെ സന്തതികള്‍


സര്‍പ്പസത്രം നടത്തിയ പാപിക-
ളിപ്പൊഴുതെന്റെ മുന്നിലണഞ്ഞിതാ
നില്‍പൂ കൂട്ടമായെന്റെ ഗുഹാമുഖ-
ത്തല്‍പ്പവും നേരമില്ലിനി വൈകുവാന്‍
ദുഷ്ടഹോമം നടത്തുവാന്‍ പോണു ഞാന്‍
കുട്ടിയാകിലും സര്‍പ്പകുമാരകന്‍

ഉണ്ണീ, നില്‍ക്കുകെന്‍ വാക്കുകള്‍ കേള്‍ക്കുകീ-
വണ്ണമെന്തൊരു വര്‍ഗ്ഗവധോദ്യമം?
വന്യഭൂവിലെ വന്ദ്യരാം നമ്മുടെ
പുണ്യവാന്മാരെപ്പച്ചയില്‍ ചുട്ടതും
വധ്യനാട്ടെ വഴങ്ങാതെ പോയതും
വ്യര്‍ത്ഥകോപപ്രഭാവ പരാജയം

മര്‍ത്യനന്നപരാധികള്‍ക്കല്ലപ-
മൃത്യു നല്‍കിയതെന്നതേ വാസ്തവം
നീ തിരിഞ്ഞതും നിന്ദ്യമാമാവഴി
നീതിയെന്തതില്‍ - പോട്ടെ പഴങ്കഥ!

ഹേതുവന്യേ പരപീഡനത്തിനു
നീ തിരിഞ്ഞിടും നേരമോര്‍മ്മിയ്ക്കുക
സര്‍വ്വ സംഹാര ഭീഷണി ഭൂഷണം
ഗര്‍വ്വ,ഘാതക വൃത്തികള്‍ പൗരുഷം
കഷ്ടമേ നരജീവിയ്ക്കു; നിന്മനം
ദുഷ്ടമാകരുതത്രയുമോമനേ!

മന്ദമന്ദം മടങ്ങിനാര്‍ മാളത്തില്‍-
ചെന്നതില്ല,തിന്‍ മുന്‍പതാ വീഴുന്നു
ഹന്ത! മാരകതാഡനം! കുറ്റമോ
ശാന്തിമന്ത്രം ജപിച്ചതും കേട്ടതും!
....................................
26.01.1999
എഴുതിയത്‌ ശ്രീ. ബാലചന്ദ്രന്‍ മുല്ലശ്ശേരി

Sunday, October 7, 2012

സത്യം


ഒരു നൂലിഴയുടെ വണ്ണം
പെരുതായ്‌ത്തോന്നും വണ്ണം
നേരിയ നേര്‍വര പോലെ
നീണ്ടൊരു ദുരിതം പോലെ
വഴിയൊന്നുണ്ടതുവഴിയല്ലോ നേര്‍-
മൊഴിയിങ്ങോട്ടു വരുന്നൂ

സ്വരവും നാക്കും വാക്കും
ഒരിമിച്ചൊപ്പം വേണം
ഉള്ളതുറക്കെച്ചൊല്ലാന്‍
ഉള്ളിന്നനുമതി വേണം
വെളിവില്‍ വരാനുരിയാടാനാകാ-
ഞ്ഞൊളിവില്‍ കഴിവൂ സത്യം..

അറിയില്ലാര്‍ക്കും സത്യം
അറിയാവുന്നവര്‍ സത്യം-
പറയില്ലിവിടെ, സര്‍വ്വം
ചോര,നിശാചരസംഘം
കണ്ടാലുടനെ തൊഴിയും കൊലയും
ശരണം പിന്നെയസത്യം

നാടിളകിപ്പിന്നാലെ വരുമ്പോ-
ളോടിയൊളിയ്ക്കാനെവിടെ?
സത്യം കേണു പറഞ്ഞൂ, എന്നെ
കൊല്ലല്ലേ ഞാന്‍ പറയാം..
നല്ലവരേ, ഞാനല്ലേയല്ലേ
സത്യം,സത്യ,മസത്യം ഞാന്‍..
കല്ലെറിയാനില്ലാരും പിന്നെ
'നല്ലവരെല്ലാം' പിന്മാറി..
..........................
.അച്ഛന്റെ കവിതകള്‍.

Wednesday, October 3, 2012

ഒളിച്ചുകളി


ഉണ്ണിക്കണ്ണനൊളിച്ചു, ഞാനവനെ-
യന്വേഷിച്ചലഞ്ഞേ,നിതാ
കണ്ണാ! നിന്‍മകുടം പ്രഭാതഗിരിയില്‍
പീതാംബരം സന്ധ്യയില്‍
വര്‍ണ്ണം വാനില്‍, വചോരസം മധുവില്‍
സുസ്മേരങ്ങള്‍ പൈതങ്ങളില്‍
കണ്ടേനങ്ങയെ, സര്‍വ്വയാമിഭഗവന്‍!
എന്നോടു തോറ്റൂ ഭവാന്‍!!
***********************

അച്ഛന്റെ കവിതകള്‍

Thursday, December 29, 2011

പുഷ്പബലി

അര്‍ച്ചനയ്ക്കാകിലും കൊച്ചുപൂമ്പൈതലിന്‍
പിഞ്ചു കഴുത്തറുക്കുമ്പോള്‍
ആരെനിയ്ക്കാരാദ്ധ്യ,യമ്മഹാശക്തിത-
ന്നാരോമലാണിതെന്നോര്‍ക്കാന്‍
ആഹന്ത, നിര്‍ദ്ദയസ്വാര്‍ത്ഥതേ, മൂഢവി-
ശ്വാസമേ, തോന്നീല, പാപം!

ഇന്നലെ മാലയിട്ടന്തിയുറങ്ങിയു-
ണര്‍ന്ന കാന്തന്‍ കണികാണ്‍കെ,
നീരാടിയീറനണിഞ്ഞുവരും വധു
നാണിച്ചു നില്‍ക്കുന്ന പോലെ,
സുന്ദരി തങ്കപ്പുലരിതന്‍ ചുണ്ടിന്‍ മ-
രന്ദ മധുരിമ പോലെ,
വല്‍സല വിശ്വപ്രകൃതിയെനിയ്ക്കായി
വച്ച കണിക്കൊന്ന പോലെ,
ആയിരം കുഞ്ഞുങ്ങളൊന്നായ്‌ച്ചിരിയ്ക്കെയെ-
ന്നാനന്ദ നിര്‍വൃതി പോലെ,
മാധുര്യ സൗന്ദര്യ സൗരഭ്യ സങ്കേത-
മായവള്‍ മന്ദം വിടര്‍ന്നൂ..
സുപ്രഭാ സുസ്മിതം തൂകിയെനിയ്ക്കൊരു
സുപ്രഭാതം നേര്‍ന്നു നിന്നൂ..

കൊഞ്ചുമാ നിശ്ശബ്ദ സൗമനസ്യത്തിന്റെ
പിഞ്ചു കഴുത്തറുത്തൂ ഞാന്‍!...

ഗണ്ഡതലങ്ങള്‍ തലോടുവാനെന്‍ കരം
നീണ്ടുവെന്നോര്‍ത്തുവോ പാവം
നിഷ്കളങ്കം മമ ലാളനമേല്‍ക്കുവാ-
നിക്കയ്യില്‍ പയ്യെപ്പതുങ്ങീ
ഇത്തിരി നേരം ചിരിച്ചൂ; ചിരിച്ചൂ ക-
ഴുത്തറ്റ നേരത്തു പോലും!
മാഞ്ഞതില്ലാ മൃദുഹാസം, മറഞ്ഞില്ല
മാദകമാ മുഖരാഗം
ആത്മാര്‍പ്പണത്തിലുമില്ല പരാതി,യെ-
ന്തത്ഭുത ത്യാഗപ്രതീകം!

വാടിയുണങ്ങു,മിലകളമര്‍ഷ-
മടക്കിയടക്കം പറഞ്ഞൂ..
"നിഷ്കളങ്കത്വമാത്മാര്‍പ്പണം ചെയ്കിലോ
നിഷ്കൃപര്‍ക്കീശ്വരപ്രീതി?"

കാണിയ്ക്കയും നെയ്‌വിളക്കുമായ്‌ സായൂജ്യ-
വാണിഭം ചെയ്യുവാന്‍ വേണം
ശാശ്വതജീവിതം പൂവിട്ടു ചൂണ്ടുന്ന
വിശ്വാസികള്‍ക്കീ പ്രമാണം:
"ദേവനെപ്പൂജിച്ചു മണ്ണടിയുന്നതേ
പൂവിന്നു ജന്മസാഫല്യം."

***************************
16.11.1973

Thursday, September 1, 2011

ശാസ്ത്രയുഗത്തില്‍ഭഗവന്‍, നിഖിലാണ്ഡകടാഹചരാ-
ചര ജന്മമൃതിസ്ഥിതി ഹേതു ഭവാന്‍
തവ ഭാവമറിഞ്ഞമൃതാംശു,ദിവാ-
കരതാര സമൂഹശതം വിരവൂ..

നെടുനാളയുതായുത ജീവനിയ-
ന്ത്രണലാലസനായ്‌ മറവില്‍ക്കഴിയും
ഉടയോന്നുടലോടിവിടേയ്ക്കടിവെ-
ച്ചിടുവാന്‍ മടിയോ പ്രജയെബ്ഭയമോ?

നിജശക്തി നിയന്ത്രിത വാനവരാ-
ജികളോടിട ചേര്‍ന്നിതു മാനവരാ-
ഞ്ഞെറിയും ചെറു പന്തുക,ളില്ലതിനാ-
ജ്ഞയനുജ്ഞകളും വിധിതന്നറിവും
അതുമല്ലതിനാലതിസൂക്ഷ്മനിരീ-
ക്ഷണമാണുനിവാത തലങ്ങളിലും..

മറതന്‍ മറവില്‍, സ്മൃതിയില്‍, സ്തുതിയില്‍
സ്ഥിതിയസ്ഥിരമാമറിവൂ മറയോന്‍
ജനനം ജനനീ ജനമെന്നി,മനു-
ഷ്യനിയോഗവിധി സ്ഫടികാംഗനയില്‍
ജനിമാരണ കാരണനാണിഹമാ-
നവനും, പിണമാമണുജീവിയുമീ-
യണുവും പിഴയാനിയമം കഴിയാ
നിയതിയ്ക്കൊഴിവാക്കിടുവാന്‍, നരനും

തൊഴുതേ,നഴുതേന്‍ പഴുതേ, വഴിപാ-
ടൊരുപാടഥ, പാഴ്‌ചെലവാരലിയാന്‍?
പെരുതേ,മമവേദന,തേപരിദേ-
വനമേകിയതെന്തതുമാരറിയാന്‍!

നരനില്‍ക്കനിയാന്‍ മടിയാ,മതിനാല്‍
അവനോ മടി ശൂന്യതെക്കുനിയാന്‍
തിരയാനിടമില്ലിടയില്ലിനി,പി-
ന്തിരിയാം, വിട; നിന്‍ചരണം ശരണം
അതിമാനുഷമാമൊരു മാദ്ധ്യമമാ-
ശ്രയമായ്‌ വരുമാകില്‍ ഭവാന്‍, ഭഗവന്‍!

എഴുതിയത്‌ ശ്രീ.ബാലചന്ദ്രന്‍ മുല്ലശ്ശേരി (13.07.1981)

Tuesday, August 16, 2011

കളിത്തോഴന്‍


വീട്ടിന്റെ തെക്കേപ്പുറ-
ത്തമ്പല നടയ്ക്കലാ
നാട്ടിലെ കുഞ്ഞുങ്ങളെ-
പ്പൂമാല ചാര്‍ത്താന്‍ മാത്രം
നോറ്റു നിഷ്കാമം നിത്യം
പൂക്കളാല്‍ നിലം മൂടും
കൂറ്റനാമിലഞ്ഞിയൊ-
ന്നുണ്ടെനിയ്ക്കാരാദ്ധ്യനായ്‌..

ഓജസ്വിയാണിന്നുമാ-
പൂമരം അതിന്‍ചോട്ടി-
ലോടിക്കളിച്ചിട്ടുണ്ടെ-
ന്നച്ഛനും മുത്തച്ഛനും..

എരിയും മീനം വന്നാല്‍
പൂവിടും, ദേശം ചുറ്റി-
ത്തിരിയും സമീരണന്‍
സൗരഭം പരത്തീടും

നിഷ്ക്കളങ്കമാം കുഞ്ഞി-
ക്കണ്ണിനാല്‍ നമ്മെപ്പാര്‍ത്തു-
നിര്‍നിമേഷമാപ്പൂക്കള്‍
പാഴ്മണ്ണില്‍ക്കിടക്കുമ്പോള്‍,
പ്രേമാര്‍ദ്രയാം മാതാ-
വുണ്ണിയെക്കണക്കൊന്നാ
തൂമുഖം ചുംബിച്ചാര്‍ക്കും
മാറോടു ചേര്‍ത്താന്‍ തോന്നും

ഉണര്‍ന്നാലോടിച്ചെല്ലു-
മുണ്ണികള്‍,ക്കിലഞ്ഞിപ്പൂ
കണിയാ;ണെല്ലാവരും
കുമ്പിടും മരച്ചോട്ടില്‍

കണ്ണനാണുണ്ണിക്കിടാ-
വോരോന്നു,മവര്‍ക്കു തന്‍
സൗഹൃദത്തോളം നീണ്ട
മാല്യങ്ങള്‍ ചാര്‍ത്തും വൃദ്ധന്‍..

ഉച്ചയ്ക്കു തൈച്ചില്ലകള്‍
തീര്‍ത്ത പന്തലില്‍ ഞങ്ങള്‍
കൊച്ചുങ്ങളാഘോഷിയ്ക്കും
വേലയും കല്യാണവും

അല്‍പാല്‍പ,മുന്തും തള്ളും
കൂട്ടത്തില്‍ തമ്മില്‍ത്തല്ലു-
മപ്പപ്പോഴുണ്ടായേക്കാം
മുതിര്‍ന്നോര്‍ കണ്ടില്ലെങ്കില്‍..

കരഞ്ഞാലതും തീര്‍ന്നു
തെളിയും വാനം വീണ്ടും
കഴിഞ്ഞുപോയക്കാലം
കഷ്ടമേ, വളര്‍ന്നു ഞാന്‍..

ആരുമിന്നോളം ഒരു
കുടന്ന വെള്ളം പോലും
പാരുകയുണ്ടായീലാ
പാദപ പാദാന്തത്തില്‍
നിത്യവും പ്രസന്നനാ-
ണെന്നാലും പൈതങ്ങള്‍ തന്‍
വൃദ്ധനാം കളിത്തോഴന്‍
നിശ്ചലന്‍, മഹോന്നതന്‍.
***********************

എഴുതിയത്‌ : ശ്രീ. ബാലചന്ദ്രന്‍ മുല്ലശ്ശേരി. (30.04.1960)
സൈകതം ബുക്സ്‌ പ്രസിദ്ധപ്പെടുത്തിയ "തപാല്‍ക്കാരന്‍" എന്ന കവിതാസമാഹാരത്തില്‍ നിന്നും