Thursday, September 1, 2011

ശാസ്ത്രയുഗത്തില്‍



ഭഗവന്‍, നിഖിലാണ്ഡകടാഹചരാ-
ചര ജന്മമൃതിസ്ഥിതി ഹേതു ഭവാന്‍
തവ ഭാവമറിഞ്ഞമൃതാംശു,ദിവാ-
കരതാര സമൂഹശതം വിരവൂ..

നെടുനാളയുതായുത ജീവനിയ-
ന്ത്രണലാലസനായ്‌ മറവില്‍ക്കഴിയും
ഉടയോന്നുടലോടിവിടേയ്ക്കടിവെ-
ച്ചിടുവാന്‍ മടിയോ പ്രജയെബ്ഭയമോ?

നിജശക്തി നിയന്ത്രിത വാനവരാ-
ജികളോടിട ചേര്‍ന്നിതു മാനവരാ-
ഞ്ഞെറിയും ചെറു പന്തുക,ളില്ലതിനാ-
ജ്ഞയനുജ്ഞകളും വിധിതന്നറിവും
അതുമല്ലതിനാലതിസൂക്ഷ്മനിരീ-
ക്ഷണമാണുനിവാത തലങ്ങളിലും..

മറതന്‍ മറവില്‍, സ്മൃതിയില്‍, സ്തുതിയില്‍
സ്ഥിതിയസ്ഥിരമാമറിവൂ മറയോന്‍
ജനനം ജനനീ ജനമെന്നി,മനു-
ഷ്യനിയോഗവിധി സ്ഫടികാംഗനയില്‍
ജനിമാരണ കാരണനാണിഹമാ-
നവനും, പിണമാമണുജീവിയുമീ-
യണുവും പിഴയാനിയമം കഴിയാ
നിയതിയ്ക്കൊഴിവാക്കിടുവാന്‍, നരനും

തൊഴുതേ,നഴുതേന്‍ പഴുതേ, വഴിപാ-
ടൊരുപാടഥ, പാഴ്‌ചെലവാരലിയാന്‍?
പെരുതേ,മമവേദന,തേപരിദേ-
വനമേകിയതെന്തതുമാരറിയാന്‍!

നരനില്‍ക്കനിയാന്‍ മടിയാ,മതിനാല്‍
അവനോ മടി ശൂന്യതെക്കുനിയാന്‍
തിരയാനിടമില്ലിടയില്ലിനി,പി-
ന്തിരിയാം, വിട; നിന്‍ചരണം ശരണം
അതിമാനുഷമാമൊരു മാദ്ധ്യമമാ-
ശ്രയമായ്‌ വരുമാകില്‍ ഭവാന്‍, ഭഗവന്‍!

എഴുതിയത്‌ ശ്രീ.ബാലചന്ദ്രന്‍ മുല്ലശ്ശേരി (13.07.1981)

7 comments:

  1. ശ്യാമളാദണ്ഡകം ചൊല്ലുമ്പോള്‍ ഓര്‍ത്തിട്ടുണ്ട്‌ ഇതുപോലെ മണിമണീയായി പദങ്ങള്‍ കോര്‍ക്കുവാന്‍ ചിലര്‍ക്കു ദൈവം കൊടുത്ത കഴിവിനെ കുറിച്ച്‌.

    "ഞാന്‍ തന്‍ വീടുതന്‍ പടി" എന്ന മാതിരി ഉള്ള "കവിത" കള്‍ വായിക്കുമ്പോഴും ഓര്‍ത്തിട്ടുണ്ട്‌

    അനുഗൃഹീതരായ എഴുത്തുകാരന്‍ - അഭിന്ദനങ്ങള്‍

    ReplyDelete
  2. അമൃതാംശുവിനും ദിവാകരതാര സമൂഹങ്ങൾക്കും ഭഗവാന്റെ ഭാവം അറിയാം. നമ്മൾ മനുഷ്യർ അതെന്നെങ്കിലും അറിയുമോ?
    ഗംഭീര കവിത.

    ReplyDelete
  3. ഇത്തരം കവിതകൾ നമുക്കന്യം..

    ReplyDelete
  4. ഹെറിറ്റേജ് ചേട്ടൻ പറഞ്ഞതുപോലെ, പദങ്ങൾ കോർത്തു മാലയുണ്ടാക്കാനുള്ള ഈ കഴിവിനു പ്രണാമം !

    ReplyDelete
  5. അവനോ മടി ശൂന്യതെക്കുനിയാന്‍"
    any problem here? one letter missing?

    ReplyDelete
  6. ഗുരു ലഘു തിരിച്ച് നോക്കിയാൽ ഒരു വൃത്തം ചിലപ്പോൾ ഇതിനകത്തുണ്ടായെന്ന് വരും. (പത്താം തരം കടന്നതോടെ ആ വിദ്യ മറന്നു. :(..) അതോ വൃത്തത്തിൽ തന്നെ എഴുതിയതാണോ ? ...

    നമോവാകം.

    ReplyDelete
  7. നെടുനാളയുതായുത ജീവനിയ-
    ന്ത്രണലാലസനായ്‌ മറവില്‍ക്കഴിയും
    ഉടയോന്നുടലോടിവിടേയ്ക്കടിവെ-
    ച്ചിടുവാന്‍ മടിയോ പ്രജയെബ്ഭയമോ?

    ReplyDelete