Thursday, December 29, 2011

പുഷ്പബലി

അര്‍ച്ചനയ്ക്കാകിലും കൊച്ചുപൂമ്പൈതലിന്‍
പിഞ്ചു കഴുത്തറുക്കുമ്പോള്‍
ആരെനിയ്ക്കാരാദ്ധ്യ,യമ്മഹാശക്തിത-
ന്നാരോമലാണിതെന്നോര്‍ക്കാന്‍
ആഹന്ത, നിര്‍ദ്ദയസ്വാര്‍ത്ഥതേ, മൂഢവി-
ശ്വാസമേ, തോന്നീല, പാപം!

ഇന്നലെ മാലയിട്ടന്തിയുറങ്ങിയു-
ണര്‍ന്ന കാന്തന്‍ കണികാണ്‍കെ,
നീരാടിയീറനണിഞ്ഞുവരും വധു
നാണിച്ചു നില്‍ക്കുന്ന പോലെ,
സുന്ദരി തങ്കപ്പുലരിതന്‍ ചുണ്ടിന്‍ മ-
രന്ദ മധുരിമ പോലെ,
വല്‍സല വിശ്വപ്രകൃതിയെനിയ്ക്കായി
വച്ച കണിക്കൊന്ന പോലെ,
ആയിരം കുഞ്ഞുങ്ങളൊന്നായ്‌ച്ചിരിയ്ക്കെയെ-
ന്നാനന്ദ നിര്‍വൃതി പോലെ,
മാധുര്യ സൗന്ദര്യ സൗരഭ്യ സങ്കേത-
മായവള്‍ മന്ദം വിടര്‍ന്നൂ..
സുപ്രഭാ സുസ്മിതം തൂകിയെനിയ്ക്കൊരു
സുപ്രഭാതം നേര്‍ന്നു നിന്നൂ..

കൊഞ്ചുമാ നിശ്ശബ്ദ സൗമനസ്യത്തിന്റെ
പിഞ്ചു കഴുത്തറുത്തൂ ഞാന്‍!...

ഗണ്ഡതലങ്ങള്‍ തലോടുവാനെന്‍ കരം
നീണ്ടുവെന്നോര്‍ത്തുവോ പാവം
നിഷ്കളങ്കം മമ ലാളനമേല്‍ക്കുവാ-
നിക്കയ്യില്‍ പയ്യെപ്പതുങ്ങീ
ഇത്തിരി നേരം ചിരിച്ചൂ; ചിരിച്ചൂ ക-
ഴുത്തറ്റ നേരത്തു പോലും!
മാഞ്ഞതില്ലാ മൃദുഹാസം, മറഞ്ഞില്ല
മാദകമാ മുഖരാഗം
ആത്മാര്‍പ്പണത്തിലുമില്ല പരാതി,യെ-
ന്തത്ഭുത ത്യാഗപ്രതീകം!

വാടിയുണങ്ങു,മിലകളമര്‍ഷ-
മടക്കിയടക്കം പറഞ്ഞൂ..
"നിഷ്കളങ്കത്വമാത്മാര്‍പ്പണം ചെയ്കിലോ
നിഷ്കൃപര്‍ക്കീശ്വരപ്രീതി?"

കാണിയ്ക്കയും നെയ്‌വിളക്കുമായ്‌ സായൂജ്യ-
വാണിഭം ചെയ്യുവാന്‍ വേണം
ശാശ്വതജീവിതം പൂവിട്ടു ചൂണ്ടുന്ന
വിശ്വാസികള്‍ക്കീ പ്രമാണം:
"ദേവനെപ്പൂജിച്ചു മണ്ണടിയുന്നതേ
പൂവിന്നു ജന്മസാഫല്യം."

***************************
16.11.1973

14 comments:

  1. വീണ്ടും പഴമയുടെ സുഗന്ധം....

    ReplyDelete
  2. അര്‍ച്ചനയ്ക്കാകിലും കൊച്ചുപൂമ്പൈതലിന്‍

    ചിരിച്ചൂ ക-
    ഴുത്തറ്റ നേരത്തു പോലും!
    മാഞ്ഞതില്ലാ മൃദുഹാസം.

    മനോഹരം
    നന്ദി

    ReplyDelete
  3. എന്തു പറയാന്‍ പെങ്ങളേ.......

    ReplyDelete
  4. മുറ്റത്തെ ചെടികളിൽ വിടരുന്ന പൂക്കളൊന്നും ഇറുക്കാറില്ല. തെറ്റിയും പിച്ചിയുമൊക്കെ ഇറുത്ത് മാലകെട്ടി പൂജാമുറിയിൽ ദൈവങ്ങൾക്ക് ചാർത്തണമെന്നൊക്കെ വിചാരിക്കും. പക്ഷേ നടക്കാറില്ല. അങ്ങനെ പൂവിറുക്കാതിരിക്കുന്നതു തന്നെ നല്ലത് അല്ലേ?

    ചെയ്യുന്ന എന്തു ദ്രോഹത്തിനും ഒരു ന്യായം കണ്ടുപിടിക്കാൻ നമുക്ക് വലിയ സാമർത്ഥ്യമാണല്ലേ?
    പാവം പൂവ്‌. കവിത വായിച്ച് സങ്കടം തോന്നി.

    ReplyDelete
  5. ഞാന്‍ നട്ടുവളര്‍ത്തുന്ന ചെടികളില്‍ നിന്ന് രാവിലെ അമ്പലത്തിലേക്ക് ചിലര്‍ പൂക്കള്‍ കട്ടുപറിച്ചുകൊണ്ട് പോകും. എനിക്കതുകാണുമ്പോള്‍ ഉണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാനാവില്ല.

    പൂവ് ചെടിയില്‍ നില്‍ക്കുന്നതിനോളം ഭംഗി അത് മറ്റെന്തിന് വേണ്ടി ഉപയോഗിക്കുമ്പോഴും ഉണ്ടാകില്ല...

    നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍....

    ReplyDelete
  6. "നിഷ്കളങ്കത്വമാത്മാര്പ്പണം ചെയ്കിലോ
    നിഷ്കൃപര്ക്കീശ്വരപ്രീതി?"

    ഇവിടം കൊണ്ട് നിർത്താമായിരുന്നു. അതിനു പകരം...,

    "ആരെനിയ്ക്കാരാദ്ധ്യ,യമ്മഹാശക്തിത-
    ന്നാരോമലാണിതെന്നോര്ക്കാന്
    ആഹന്ത, നിര്ദ്ദയസ്വാര്ത്ഥതേ, മൂഢവി-
    ശ്വാസമേ, തോന്നീല, പാപം"

    എന്ന തന്റെ തെറ്റിനെ ദൈവീകരിക്കാൻ...

    "ദേവനെപ്പൂജിച്ചു മണ്ണടിയുന്നതേ
    പൂവിന്നു ജന്മസാഫല്യം."

    എന്നുകൂടി എഴുതിച്ചേർത്ത് രക്ഷപ്പെടാൻ ശതാഭിഷിക്തനായിട്ടും ഈ കൊച്ചു കള്ളൻ ശ്രമിക്കുന്നുണ്ട്..:)

    പദമനർഗ്ഗളം, സുന്ദരം ഗാനസന്നിഭം, ഛന്ദോബദ്ധം... ചുമ്മാതല്ല ചാന്ദ്നിയുടെ പാട്ടുകൾക്കും ഈ കയ്യൊതുക്കം.

    ഇന്നലെ മാലയിട്ടന്തിയുറങ്ങി... എന്ന് തുടങ്ങുന്ന ഭാഗം ഘടന തിരിച്ചാൽ ഗാനസാഹിത്യമല്ലെന്ന് ആരും പറയില്ല. ഈ കവിതയെ പാട്ടായി വെട്ടിക്കുറയ്ക്കാനും ഞാനില്ല....;))

    മനോഹരം... മറിച്ചു വാക്കില്ല....

    ReplyDelete
  7. സ്നേഹമാണു അഹിംസ ...ഒരു വലിയ മനസ്സിനെ ഈ കവിത എഴുതാനാവൂ..

    ReplyDelete
  8. കാണിയ്ക്കയും നെയ്‌വിളക്കുമായ്‌ സായൂജ്യ-
    വാണിഭം ചെയ്യുവാന്‍ വേണം
    ശാശ്വതജീവിതം പൂവിട്ടു ചൂണ്ടുന്ന
    വിശ്വാസികള്‍ക്കീ പ്രമാണം:
    "ദേവനെപ്പൂജിച്ചു മണ്ണടിയുന്നതേ
    പൂവിന്നു ജന്മസാഫല്യം."

    കവിയുടെ പ്രകൃതി സ്നേഹം കവിതയില്‍ മുഴുനീളം ഉണ്ട് . ഒപ്പം മനുഷ്യന്റെ അന്ധവിശ്വാസ മണ്ടതരങ്ങളെയും വരച്ചു കാണിക്കുന്നു.

    ReplyDelete
  9. വാടിയുണങ്ങു,മിലകളമര്‍ഷ-
    മടക്കിയടക്കം പറഞ്ഞൂ..
    "നിഷ്കളങ്കത്വമാത്മാര്‍പ്പണം ചെയ്കിലോ
    നിഷ്കൃപര്‍ക്കീശ്വരപ്രീതി?"

    പ്രകൃതിയുടെ നോവറിയുന്ന മനസ്സ് ...
    സ്നേഹാദരങ്ങള്‍ .

    ReplyDelete
  10. ജൂലൈ ആറിന് നമ്മെ വിട്ടുപിരിഞ്ഞ പ്രിയ ബാലന്‍ സാറിന്
    ആദരാഞ്ജലികള്‍ ...

    ReplyDelete
  11. ആദരാഞ്ജലികള്‍ .

    ReplyDelete
  12. ആദരാഞ്ജലികള്‍..

    ReplyDelete