Sunday, February 10, 2013

ജനമേജയന്റെ സന്തതികള്‍


സര്‍പ്പസത്രം നടത്തിയ പാപിക-
ളിപ്പൊഴുതെന്റെ മുന്നിലണഞ്ഞിതാ
നില്‍പൂ കൂട്ടമായെന്റെ ഗുഹാമുഖ-
ത്തല്‍പ്പവും നേരമില്ലിനി വൈകുവാന്‍
ദുഷ്ടഹോമം നടത്തുവാന്‍ പോണു ഞാന്‍
കുട്ടിയാകിലും സര്‍പ്പകുമാരകന്‍

ഉണ്ണീ, നില്‍ക്കുകെന്‍ വാക്കുകള്‍ കേള്‍ക്കുകീ-
വണ്ണമെന്തൊരു വര്‍ഗ്ഗവധോദ്യമം?
വന്യഭൂവിലെ വന്ദ്യരാം നമ്മുടെ
പുണ്യവാന്മാരെപ്പച്ചയില്‍ ചുട്ടതും
വധ്യനാട്ടെ വഴങ്ങാതെ പോയതും
വ്യര്‍ത്ഥകോപപ്രഭാവ പരാജയം

മര്‍ത്യനന്നപരാധികള്‍ക്കല്ലപ-
മൃത്യു നല്‍കിയതെന്നതേ വാസ്തവം
നീ തിരിഞ്ഞതും നിന്ദ്യമാമാവഴി
നീതിയെന്തതില്‍ - പോട്ടെ പഴങ്കഥ!

ഹേതുവന്യേ പരപീഡനത്തിനു
നീ തിരിഞ്ഞിടും നേരമോര്‍മ്മിയ്ക്കുക
സര്‍വ്വ സംഹാര ഭീഷണി ഭൂഷണം
ഗര്‍വ്വ,ഘാതക വൃത്തികള്‍ പൗരുഷം
കഷ്ടമേ നരജീവിയ്ക്കു; നിന്മനം
ദുഷ്ടമാകരുതത്രയുമോമനേ!

മന്ദമന്ദം മടങ്ങിനാര്‍ മാളത്തില്‍-
ചെന്നതില്ല,തിന്‍ മുന്‍പതാ വീഴുന്നു
ഹന്ത! മാരകതാഡനം! കുറ്റമോ
ശാന്തിമന്ത്രം ജപിച്ചതും കേട്ടതും!
....................................
26.01.1999
എഴുതിയത്‌ ശ്രീ. ബാലചന്ദ്രന്‍ മുല്ലശ്ശേരി

7 comments:

 1. ....ചെന്നതില്ല,തിന്‍ മുന്‍പതാ വീഴുന്നു
  ഹന്ത! മാരകതാഡനം! കുറ്റമോ
  ശാന്തിമന്ത്രം ജപിച്ചതും കേട്ടതും...

  -ഇന്നത്തെക്കാലത്തേക്ക് വേണ്ടി എഴുതിയ കവിതയാണോ ഇതെന്ന് തോന്നിപ്പോയി.
  (പഴയ കവിതകള്‍ ആസ്വാദിക്കാന്‍ പഠിക്കൂ,അഭിനവ പുതുകവികളേ....)

  ReplyDelete
 2. theerchayaayum ithil kavitha undu. jeevithamundu. philosopy undu

  ReplyDelete
 3. ''താഴ്മ താനഭ്യുന്നതി'' .....

  വളരെയേറെ ആസ്വദിച്ചു ഈ കവിത. സുരേഷ് സര്‍ പറഞ്ഞത് പോലെ പുരാണവും , ജീവിതവും , തത്ത്വ ചിന്തയുമെല്ലാമുണ്ടിതില്‍..

  അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു . കാത്തിരിക്കുന്നു അങ്ങയുടെ പുതു രചനകള്‍ക്കായ്.

  ശുഭാശംസകള്‍ ..........

  ReplyDelete
 4. അര്‍ഥ സമ്പുഷ്ടമായ വരികള്‍

  ReplyDelete
 5. ആശയസമ്പുഷ്ടിയും അഴകുമുള്ള കവിത.

  ReplyDelete
 6. കവിത വായിച്ച എല്ലാവര്‍ക്കും നന്ദി, സ്നേഹം.

  പ്രിയ സൗഗന്ധികം, അച്ഛന്‍ ഈ ലോകം വിട്ടുപോയിട്ട്‌ ഏഴുമാസമായി. അദ്ദേഹം എഴുതിവച്ചിരുന്ന കവിതകള്‍ ഓരോന്നായി പോസ്റ്റ്‌ ചെയ്യുകയാണ്‌ ഞാന്‍. എഴുതിയ കൊല്ലം കൂടി താഴെ ചേര്‍ക്കുന്നുണ്ട്‌.

  താങ്കളുടെ നല്ല വാക്കുകള്‍ക്ക്‌ ആദരം.

  ചാന്ദ്‌നി.

  ReplyDelete
 7. അറിയാതെ പറഞ്ഞതാണെങ്കിലും, എന്‍റെ വാക്കുകള്‍ അദ്ദേഹം കേട്ടതായിത്തന്നെ ഞാന്‍ കരുതുന്നു . ആ പുണ്യാത്മാവിന്‌ നിത്യശാന്തി നേരുന്നു. കുടുംബത്തിന്‍റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു . ബാക്കിയുള്ള രചനകളും പ്രതീക്ഷിച്ചു കൊണ്ട് ....

  ശുഭാശംസകള്‍ ........

  ReplyDelete