Wednesday, March 20, 2013

ഗ്രൂപ്പ്‌

ഗ്രൂപ്പ്‌ നിര്‍ണ്ണയം ചെയ്യാ-
നിനിയും വൈകിയ്ക്കല്ലേ
മൂപ്പന്മാരുടെ പിന്നില്‍
വരിയായ്‌ നിരന്നാട്ടെ

ആംഗ്ലേയാക്ഷരമാല
തീരാറായ്‌, മലയാള-
മാകിലോ മോശം; വാശി
ജയിയ്ക്കാനിനി വേറെ-
പ്പേരിട്ടു തുടങ്ങിയാല്‍
വളരാന്‍ പണി, ഗതി
വേറില്ല, നശിച്ചാലും
തറവാട്ടിന്‍ പേരില്ലേ!

'യം'ഗ്രൂപ്പില്‍ മനുഷ്യനായ്‌-
പിറന്നൂ ആണും പെണ്ണും
'ആ' ഗ്രൂപ്പും 'പെ' ഗ്രൂപ്പുമായ്‌-
പ്പിരിഞ്ഞു വളര്‍ന്നപ്പോള്‍
അതിലും 'രാഷ്ട്രീയക്കാര്‍'

'ബാക്കിയുള്ളവ'രെന്നു
പിളര്‍ന്നൂ 'ആറും' 'ബി'യും
ഗ്രൂപ്പുകള്‍ ജനിയ്ക്കുന്നൂ
'ആറു'കൊണ്ടാറാറുള്‍-
പ്പിരിവായ്‌, ഇരുപത്തി-
യാറാമന്‍ 'സെഡ്ഡും' തീര്‍ന്നാല്‍
വലയും നേതാക്കന്മാര്‍..

നാലഞ്ചുപേരുണ്ടെന്നാല്‍
ഗ്രൂപ്പായി, തിരിഞ്ഞുനോ-
ക്കാതെക്കൂക്കുവിന്‍, 'ലക്ഷം
ലക്ഷങ്ങളെന്‍ പിന്നാലെ'..

വാഴുവാന്‍ 'കൊട്ടക്കനം'
വെയ്ക്കുവാനൊരാള്‍ വേണം
ഏകാംഗന്‍ വിജയിപ്പൂ
വിഡ്ഢികള്‍ കഷ്ടം വെപ്പൂ..

കുളിയ്ക്കാന്‍ കുളം, പാഞ്ഞു
കളിയ്ക്കാന്‍ കളം,പൊന്നി-
ന്നുരുളീ, പൊന്‍ചട്ടുകം
കൊട്ടാര-മെല്ലാം സ്വന്തം

ആകാശം ജന്മം വാങ്ങാം
പറക്കാന്‍, പ്രസംഗിയ്ക്കാ-
റാകണം, ഗ്രൂപ്പും വേണം
വേഗമാകട്ടെ, വേഗം!
-----------------
18.09.1992
എഴുതിയത്‌, ശ്രീ. ബാലചന്ദ്രന്‍ മുല്ലശ്ശേരി.


10 comments:

  1. ഇരുപത്തിയാറാമന്‍ 'സെഡ്ഡും' തീര്‍ന്നാല്‍
    വലയും നേതാക്കന്മാര്‍

    നമ്മുടെ നേതാക്കന്മാർക്കതൊന്നുമൊരു പ്രശ്നമല്ലേയല്ല.''സെഡ്''- ഉം കഴിഞ്ഞാൽ വാഹനരജിസ്ട്രേഷൻ പോലെ അക്ഷരങ്ങൾ കൂട്ടിച്ചേർത്തങ്ങു പരിഹരിക്കും.ഹ..ഹ..ഹ..

    ഗ്രൂപ്പ് രാഷ്ട്രീയത്തെ വിമർശിച്ചു കൊണ്ടുള്ള ഈ കവിത ഇഷ്ടമായി. ശ്രീ.ബാലചന്ദ്രൻ സർ ഇതെഴുതിയ
    കാലത്ത് ശ്രീ.കെ.കരുണാകരൻ ആയിരുന്നു എന്നു തോന്നുന്നു മുഖ്യമന്ത്രി.ഇന്നത്തെ നേതാക്കന്മാർക്കു നേരേയും വിമർശനത്തിന്റെ ഈ വരികൾ വിരൽ ചൂണ്ടുന്നു.


    ശുഭാശംസകൾ....

    ReplyDelete
  2. ചെമ്മനത്തെ ഒർമ്മിപ്പിച്ചു.ഇഷ്ടമായി..........സസ്നേഹം

    ReplyDelete
  3. ചെമ്മനത്തെ തീര്‍ച്ചയായും ഓര്‍മ്മിപ്പിച്ചു

    രസമായിരിയ്ക്കുന്നു

    ReplyDelete
  4. കാലികം ... പ്രസക്തം ...

    ആക്ഷേപഹാസ്യത്തിന്റെ നേർക്കാഴ്ചയും.

    ReplyDelete
  5. എത്ര ശരി ! 20 വർഷം മുൻപെഴുതിയതാണെങ്കിലും ഇന്നും ഇതൊക്കെത്തന്നെയല്ലേ.

    ReplyDelete
  6. അച്ഛനും അദ്ദേഹത്തിന്റെ കാലശേഷം ഇതെല്ലാം പ്രസിദ്ധീകരിക്കുന്ന മകൾക്കും പ്രണാമം.

    ReplyDelete
  7. കവിത ഇഷ്ടമായി

    ReplyDelete