Sunday, October 7, 2012

സത്യം


ഒരു നൂലിഴയുടെ വണ്ണം
പെരുതായ്‌ത്തോന്നും വണ്ണം
നേരിയ നേര്‍വര പോലെ
നീണ്ടൊരു ദുരിതം പോലെ
വഴിയൊന്നുണ്ടതുവഴിയല്ലോ നേര്‍-
മൊഴിയിങ്ങോട്ടു വരുന്നൂ

സ്വരവും നാക്കും വാക്കും
ഒരിമിച്ചൊപ്പം വേണം
ഉള്ളതുറക്കെച്ചൊല്ലാന്‍
ഉള്ളിന്നനുമതി വേണം
വെളിവില്‍ വരാനുരിയാടാനാകാ-
ഞ്ഞൊളിവില്‍ കഴിവൂ സത്യം..

അറിയില്ലാര്‍ക്കും സത്യം
അറിയാവുന്നവര്‍ സത്യം-
പറയില്ലിവിടെ, സര്‍വ്വം
ചോര,നിശാചരസംഘം
കണ്ടാലുടനെ തൊഴിയും കൊലയും
ശരണം പിന്നെയസത്യം

നാടിളകിപ്പിന്നാലെ വരുമ്പോ-
ളോടിയൊളിയ്ക്കാനെവിടെ?
സത്യം കേണു പറഞ്ഞൂ, എന്നെ
കൊല്ലല്ലേ ഞാന്‍ പറയാം..
നല്ലവരേ, ഞാനല്ലേയല്ലേ
സത്യം,സത്യ,മസത്യം ഞാന്‍..
കല്ലെറിയാനില്ലാരും പിന്നെ
'നല്ലവരെല്ലാം' പിന്മാറി..
..........................
.അച്ഛന്റെ കവിതകള്‍.

6 comments:

  1. "വെളിവില്‍ വരാനുരിയാടാനാകാ-
    ഞ്ഞൊളിവില്‍ കഴിവൂ സത്യം.."

    അച്ഛന്റെ കവിതകള്‍.

    ReplyDelete
  2. ഉള്ളതുറക്കെച്ചൊല്ലാന്‍
    ഉള്ളിന്നനുമതി വേണം.

    അത് പലപ്പോഴും ഉള്ളിൽത്തന്നെ തടയപ്പെടുന്നു, അവിടത്തന്നെ മരിക്കുന്നു. അതാണ് സത്യം.

    ReplyDelete
  3. നല്ല നിരീക്ഷണം.

    ReplyDelete
  4. "അറിയില്ലാര്‍ക്കും സത്യം
    അറിയാവുന്നവര്‍ സത്യം-
    പറയില്ലിവിടെ, സര്‍വ്വം
    ചോര,നിശാചരസംഘം
    കണ്ടാലുടനെ തൊഴിയും കൊലയും
    ശരണം പിന്നെയസത്യം" -

    എത്ര ശക്തം, അതിലുപരി വര്‍ത്തമാനകാലത്തിന്റെ ഈ നേര്‍ചിത്രം അദ്ദേഹം മുന്‍കൂട്ടി കണ്ടല്ലോ ...

    ReplyDelete
  5. ഉറക്കെചൊല്ലാന്‍ ഉള്ളിന്നനുമതി വേണം..അര്‍ത്ഥവ്യാപ്തിയുള്ള വരികള്‍

    ReplyDelete
  6. നല്ല അര്‍ഥവ്യാപ്തി ഉള്ള വരികള്‍

    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete